Latest NewsUAEGulf

വീടുകളില്‍ പോലീസെത്തും, ജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍; കാരണം ഇതാണ്

ദുബായ്: അടുത്ത മാസം പോലീസ് നിങ്ങളുടെ താമസസ്ഥലങ്ങളിലെത്തുമെന്നും ഉദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടുമ്പോള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഷാര്‍ജയിലെ താമസക്കാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സെന്‍സസിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ് (ഡിഎസ്സിഡി), ഷാര്‍ജ പോലീസുമായി സഹകരിച്ചാണ് എമിറേറ്റിലുടനീളം രണ്ടാഴ്ചത്തെ പഠനം നടത്തുന്നത്. 2019 ഓഗസ്റ്റ് 15മുതലാണ് സെന്‍സസ് ആരംഭിക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുവേണ്ടി നിരവധി അഭിപ്രായ വോട്ടെടുപ്പുകളും സര്‍വേകളും വകുപ്പ് ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനമാണ് നടത്തുന്നതെന്നും ഡി.എസ്.സി.ഡി മേധാവി ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി പറഞ്ഞു. അയ്യായിരത്തിലധികം എമിറേറ്റുകളും പ്രവാസികളും സര്‍വ്വേയുടെ ഭാഗമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തയ്യാറാക്കിയ ചോദ്യാവലി പൂരിപ്പിച്ച് നല്‍കാനോ അല്ലെങ്കില്‍ ഒരു ടെലിഫോണ്‍ അഭിമുഖത്തിലൂടെ വിവരങ്ങള്‍ നല്‍കാനോ ജനങ്ങളോട് ആവശ്യപ്പെടും. ചോദ്യങ്ങള്‍ അറബിക്, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലായിരിക്കും.

”ശാസ്ത്രീയ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് ഈ പഠനം തയ്യാറാക്കാനും നടപ്പാക്കാനും ഷാര്‍ജ പോലീസ് ഞങ്ങളുടെ വകുപ്പില്‍ വിശ്വാസമര്‍പ്പിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഇത് പഠന ഫലങ്ങളുടെ കൃത്യതയും എമിറേറ്റ് സമൂഹത്തിന്റെ പ്രാതിനിധ്യവും ഉറപ്പാക്കുന്നു,” ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹുമൈദ് പറഞ്ഞു.

2015 ലെ ഡി.എസ്.സി.ഡി സെന്‍സസ് പ്രകാരം 1.4 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെയുള്ളത്. ഇതില്‍ 175,432 സ്വദേശികളും 1,2 ദശലക്ഷത്തിലധികം പ്രവാസികളും ഉള്‍പ്പെടും. എമിറേറ്റിലെ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് എത്തിച്ചേരാനും തങ്ങള്‍ ആഗ്രഹിക്കുന്നതായി ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു.

പോലീസ് സേവനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഷാര്‍ജ സര്‍ക്കാരിന്റെ സംരംഭത്തിന്റെ ഭാഗമാണ് ഈ പഠനം. എമിറേറ്റിലെ എല്ലാ മേഖലകളും ഉള്‍ക്കൊള്ളുന്നതിനാല്‍ സുരക്ഷാ മേഖലകളിലെ അഭിപ്രായ വോട്ടെടുപ്പ് രംഗത്ത് ഈ പഠനം അഭൂതപൂര്‍വമായ നേട്ടം കൈവരിക്കുമെന്ന് പോലീസ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ബ്രിഗ് ഡോ. ഖാലിദ് ഹമദ് അല്‍ ഹമ്മദി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഷാര്‍ജയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഏറ്റവും പുതിയ സെന്‍സസ്. അവസാനമായി 2017ല്‍ നടന്ന സെന്‍സസില്‍ നഗരത്തിലെ ഏറ്റവും സന്തുഷ്ടവും സുരക്ഷിതവുമായ പ്രദേശങ്ങള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിരുന്നു. അല്‍ ഖാലിദിയയായിരുന്നു നഗരത്തിലെ ഏറ്റവും സുരക്ഷിതമായ ജില്ല. അല്‍ റഹ്മാനിയയാണ് ഏറ്റവും ഊര്‍ജ്ജസ്വലമായ പ്രദേശമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button