ന്യൂഡല്‍ഹി : കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ വാദം നടക്കും. പുതുതായി അഞ്ച് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയും പരിഗണനക്കെത്തും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. സ്പീക്കര്‍ കോടതിക്ക് മുകളിലല്ലെന്നും, രാജിവെയ്ക്കാനുള്ള അവകാശത്തെ തടയാനാകില്ലെന്നും എം.എല്‍.എമാരും വാദിക്കുന്നു. ഈ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ രാജിക്കാര്യത്തിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്ന് സ്പീക്കറോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജിക്കൊപ്പം എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയും പരിഗണനയിലുണ്ടെങ്കില്‍ ഭരണഘടന പ്രകാരം സ്പീക്കര്‍ ഏതില്‍ ആദ്യം തീരുമാനമെടുക്കണം എന്ന കാര്യത്തിലും കോടതി തീര്‍പ്പ് കല്‍പ്പിക്കും. അയോഗ്യതയിലാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്നും രാജിക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും സ്പീക്കര്‍ വാദിക്കുന്നു.
മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ഇന്നത്തെ കോടതി നടപടികള്‍ നിര്‍ണ്ണായകമാണ്. ഭരണഘട സ്ഥാപനമായ സുപ്രീംകോടതി മറ്റൊരു ഭരണഘടന പദവിയായ സ്പീക്കര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലുള്ള പരിധിയെത്ര എന്ന കാര്യത്തിലാണ് വാദം നടക്കുക. ഭരണഘടനയുടെ 190, 361ബി അനുഛേദങ്ങള്‍ പ്രകാരം സ്പീക്കര്‍ക്കുള്ള സവിശേഷ അധികാരവും അതില്‍ കോടതിക്ക് നടത്താനാവുന്ന ഇടപെലുകളും പരശോധിക്കപ്പെടും.
Post Your Comments