ചില സിനിമകള്‍ രസിപ്പിക്കുന്നു, മറ്റുള്ളവ പ്രചോദനം നല്‍കുന്നു. വിക്കി കൗശലിന്റെ ‘ഉറി’ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. ഈ സിനിമ കണ്ടതിന് ശേഷം ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്ന ഒരു 31 കാരനാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്.
ആദിത്യ ധറിന്റെ സംവിധായകപ്രതിഭയാല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമ കണ്ടതിന് ശേഷം സേനയില്‍ ചേരാന്‍ വളരെയധികം പ്രചോദനം തോന്നിയ ഈ ചെറുപ്പക്കാരന്റെ സന്ദേശം ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
സന്ദേശത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ..
‘ഞാന്‍ എഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ചേരാന്‍ പോകുന്നു. ഈ മാസം 15 മുതല്‍ 4 വര്‍ഷത്തേക്ക് പരിശീലനം തുടങ്ങുകയാണ്. അതിനുശേഷം ഞാന്‍ ഇന്ത്യന്‍ നാവികസേനയില്‍ ഒരു ഉദ്യോഗസ്ഥനായി നിയോഗിക്കപ്പെടും.
നിങ്ങളുടെ സിനിമയുടെ സാരാംശം സേനയില്‍ ചേരാന്‍ എന്നെ
വളരെയധികം പ്രചോദിപ്പിച്ചു, എന്നെപ്പോലുള്ള മറ്റു പലര്‍ക്കും ചിത്രം സമാനമായ പ്രചോദനം നല്‍കുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാകുന്നുണ്ട്. അത്തരമൊരു മാസ്റ്റര്‍പീസ് നിര്‍മ്മിച്ചതിന് നന്ദി ഞങ്ങളുടെ മനസ്സിലും ആത്മാവിലും എന്നെന്നേക്കുമായി അത് നിലനില്‍ക്കും. ഉറി കണ്ടതിന് ശേഷം ഉണ്ടായ പ്രേരണകൊണ്ടുള്ള ഈ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഈ വാര്‍ത്ത ഞാന്‍ നിങ്ങളുമായി പങ്കിടുകയാണ്. ‘
ഇതാണ് ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും മൂല്യവത്താക്കുന്നതെന്ന് കുറിച്ചുകൊണ്ടാണ് ആദിത്യ ധാര്‍ ഫിലിംസിന് അയച്ച ആരാധകന്റെ കുറിപ്പ് വിക്കി കൗശല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആ ചെറുപ്പക്കാരന് എല്ലാ വിധ ആശംസകളും അര്‍പ്പിച്ച് ജയ്ഹിന്ദ് പറഞ്ഞാണ് വിക്കി കൗശല്‍ പോസ്റ്റ് പങ്കിട്ടത്.
Post Your Comments