ഫ്‌ലിപ്കാര്‍ട്ട് ഏറ്റെടുക്കലിലൂടെ വമ്പന്‍ ലോട്ടറിയടിച്ച് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഏറ്റെടുക്കലില്‍ ഒരുലക്ഷം കോടിയിലധികം രൂപയാണ് ഒരു വര്‍ഷം മുമ്പ് വാള്‍മാര്‍ട്ട് മുടക്കിയത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ ‘ഫോണ്‍ പേ’യും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഫോണ്‍ പേ യെ സ്വതന്ത്ര സ്റ്റാര്‍ട്ടപ്പ് സംരംഭമാക്കി പുറത്തുനിന്ന് ധനസമാഹരണം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
100 കോടി ഡോളര്‍ (ഏകദേശം 6,850 കോടി രൂപ) സമാഹരിക്കുന്നതിനാണ് പദ്ധതി. ഇതോടെ ഫോണ്‍ പേയുടെ മാത്രം മൂല്യം 1,000 കോടി ഡോളര്‍ (68,000 കോടി രൂപ) കടക്കും. ഫ്‌ലിപ്കാര്‍ട്ട് വിട്ടുപോയ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് 2015 ഡിസംബറിലാണ് ഫോണ്‍ പേ തുടങ്ങിയത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഫ്‌ലിപ്കാര്‍ട്ട് തന്നെ ഇതിനെ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും ഡേറ്റയ്ക്ക് ചെലവു കുറയുകയും ചെയ്തതോടെ പെട്ടെന്ന് ഇതിന് വിപണിയില്‍ പ്രിയം കൂടുകയായിരുന്നു. വമ്പന്‍ മൂല്യമുള്ള രണ്ടു കമ്പനികളാണ് ഇതുവഴി ഇന്ത്യയില്‍ വാള്‍മാര്‍ട്ടിന് ലഭിക്കുക. ചെലവിട്ട തുകയുടെ പകുതിയില്‍ കൂടുതല്‍ ഫോണ്‍ പേയിലൂടെ മാത്രം കമ്പനിക്കു ലഭിക്കുമെന്നു സാരം. രണ്ടോ മൂന്നോ മാസത്തിനകം ഫണ്ടിങ്ങിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.
Post Your Comments