ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളുടെ ഓഫര്‍ മേളകളിൽ ആകൃഷ്ടരായി ഇന്ത്യൻ ഉപഭോക്താക്കൾ ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഓഫറുകളുടെ മറവിൽ വൻ തട്ടിപ്പും അരങ്ങേറുന്നുണ്ട്. അത്തരം തട്ടിപ്പുകൾ ഉടൻ വാര്‍ത്തയാകുന്നുമുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഐ ഫോൺ ഓഡര്‍ നല്‍കിയ ആൾക്ക് പറ്റിയ അമളി.
ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ 51,000 രൂപ വിലയുള്ള ഐഫോണ്‍ ഓഡര്‍ നല്‍കിയ സിമ്രാന്‍ പാല്‍ സിംഗ് എന്നയാളാണ് പറ്റിക്കപ്പെട്ടത്. ഐഫോണിന് പകരം ഇയാൾക്ക് അഞ്ചുരൂപയുടെ രണ്ട് നിര്‍മ്മ സോപ്പുകളാണ് കൊറിയറായി ലഭിച്ചത്. ഇതിന്‍റെ വീഡിയോ സിമ്രാന്‍ പാല്‍ സിംഗ് യൂട്യൂബിൽ ഇട്ടിട്ടുണ്ട്.
ഡെലവറി നടത്തിയ ആളെക്കൊണ്ട് തന്നെയാണ് സിമ്രാന്‍ പാല്‍ സിംഗ് പാക്കറ്റ് തുറപ്പിച്ചത്. ഐഫോണ്‍ 12ന് പകരം ഡെലിവറി ചെയ്ത പാക്കേജില്‍ അഞ്ച് രൂപ വിലയുള്ള രണ്ട് നിര്‍മ്മ സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് ഡെലിവറി നടന്നു എന്ന് തെളിയിക്കാനുള്ള ഒടിപി കൊറിയർ കൈമാറിയ ആൾക്ക് സിമ്രാന്‍ പാല്‍ സിംഗ് കൈമാറിയില്ല. വലിയ വിലയുള്ള സാധാനങ്ങളുടെ ഓഡര്‍ ഡെലിവറി നടത്തുന്നയാള്‍ക്ക് മുന്നില്‍ നിന്നു തന്നെ തുറന്നു നോക്കണമെന്ന് സിമ്രാന്‍ പാല്‍ സിംഗ് പറയുന്നു.
എന്നാൽ, ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ടിൽ പരാതി സമർപ്പിച്ചിരുന്നുവെന്നും തെറ്റ് അവർ അംഗീകരിച്ചുവെന്നും സിമ്രാൻ പറയുന്നു. തുടർന്ന് കമ്പനി നേരിട്ട് സിമ്രാൻപാലിന്റെ ഓർഡർ കാൻസൽ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തന്റെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും സിമ്രാൻ പറഞ്ഞു.
Post Your Comments