മുംബൈ: ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം ഡിഎന്‍എ പരിശോധനക്ക് തന്റെ രക്ത സാമ്പിള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബിനോയ് കോടിയേരി. ഓഷ്വാര പോലീസ് സ്റ്റേഷനിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥരോടാണ് ബിനോയ് ഇക്കാര്യം വ്യക്തമാക്കിയത്.അഭിഭാഷകനൊപ്പമെത്തിയ ശേഷമാണ് ബിനോയ് രക്ത സാമ്പിള്‍ പരിശോധനക്കായി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. ഇതിനായി അസുഖം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.
ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയുരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ബിനോയിയെ അരമണിക്കൂറോളം ചോദ്യം ചെയ്തു. ഇതനുസരിച്ചാണ് രക്തസാമ്പിളുകള്‍ നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്. ബിനോയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും മുംബൈയില്‍ വീടെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നുവെന്നും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നുമാണ് യുവതി പറയുന്നത്. കുട്ടിയുടേയും തന്റേയും ജീവിത ചെലവിന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി നോട്ടീസ് അയക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് ബിനോയ് കോടിയേരിക്കെതിരായ ആരോപണം പുറത്തുവന്നത്.
Post Your Comments