Latest NewsArticleKeralaIndia

ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുമ്പോഴും, അതിന് സദാചാരത്തിന്റെയും അനുസരണക്കേടിന്റെയും ഒക്കെ പേരു പറഞ്ഞ് ന്യായീകരിക്കാൻ നൂറു കണക്കിന് അടിമ നാവുകളെ സാംസ്കാരിക നായകർ എന്നു പറഞ്ഞ് ചെല്ലും ചെലവും കൊടുത്ത് വളർത്തി എടുത്തിട്ടുണ്ടാവും- എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ശ്യാം രാജ്

കേരള സമൂഹത്തിന് ഒരിക്കലും പൊറുക്കാനാവാത്ത സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖില്‍ ചന്ദ്രനെയാണ്, കോളേജ് യൂണിറ്റ് സെക്രട്ടറിയായ നസീമും പ്രസിഡന്റായ ശിവരഞ്ജിത്തും ചേര്‍ന്ന് കുത്തിമലര്‍ത്തിയത്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ എസ്എഫ്ഐയുടെ രാവണന്‍ കോട്ടയായ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തകര്‍ അവര്‍ക്കെതിരെതന്നെ തെരുവിലേക്കിറങ്ങി. എസ്എഫ്ഐ കൊട്ടിഘോഷിക്കുന്ന അവരുടെ പതാകയില്‍ ഒരു പരിഹാസമെന്നോണം എഴുതിച്ചേര്‍ത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ക്യാമ്പസില്‍ തങ്ങള്‍ക്ക് വേണമെന്ന മുദ്രാവാക്യവുമായാണ് ആ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഇറങ്ങിയത്.

യൂണിവേഴ്സിറ്റി കോളേജിലെയോ കേരളത്തിലെ മറ്റു ക്യാമ്പസിലെയോ എസ്‌എഫ്‌ഐയുടെ മനുഷ്യാവകാശ ലംഘനത്തിന്റെ, ക്രൂരതയുടെ ആദ്യ ഉദാഹരണമല്ല യൂണിവേഴ്സിറ്റി കോളേജിലേത്. ഇതേ ക്യാമ്പസിലെ തന്നെ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വന്ന നിഖില എന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്‌എഫ്‌ഐ കാരണത്താലാണ്. യഥാർത്ഥത്തിൽ ആക്രമണങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു എസ്‌എഫ്‌‌‌ഐ ഇല്ല എന്നതാണ് സത്യം. അതായത്, മൃഗങ്ങൾ പോലും സ്വന്തം വിശപ്പ് അടക്കാനല്ലാതെ മറ്റു ജീവികളെ ഉപദ്രവിക്കാറില്ലെന്നിരിക്കെ, എസ്‌എഫ്‌ഐയും കമ്യൂണിസ്റ്റ് പാർട്ടിയും മൃഗങ്ങളേക്കാള്‍ അധഃപതിച്ചു എന്നുവേണം കരുതാൻ.

ആദ്യം അവർ തങ്ങളുടേതല്ലാത്ത ആശ്യങ്ങൾ പേറുന്ന വിദ്യാർത്ഥികളെ ഇല്ലാതാക്കാൻ ശ്രമിക്കും. അതിന് ശേഷം അവരുടെ ലക്ഷ്യം അധ്യാപകരാണ്. വിക്ടോറിയ കോളേജിലെ സരസു ടീച്ചറും, മഹാരാജാസിലെ ബീന ടീച്ചറും കേരള വർമയിലെ ജയദേവൻ സാറുമെല്ലാം ഇവരുടെ ഫാസിസത്തിന്റെ ചുരുക്കം ചില ഇരകൾ മാത്രമാണ്. അതിലെ ഏറ്റവും വലിയ വിരോധാഭാസം ഇവരെല്ലാം ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതാണ്. എതിർ ആശയങ്ങളേയും നിഷ്പക്ഷരേയും ഇല്ലാതാക്കിയതിന് ശേഷവും ഇവർക്ക് വെറുതേ ഇരിക്കാനാവില്ല. കാരണം ഇവരുടെ ആശയത്തിന്റെ അടിത്തറ തന്നെ അക്രമമാണ്. അതിന് വേണ്ടി അവർ നിസാരകാര്യങ്ങൾ കണ്ടു പിടിയ്ക്കും. യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ ചെയ്ത തെറ്റ് പാട്ടുപാടി എന്നതായിരുന്നു.

ഇത്തരം ഇല്ലാതാക്കലുകളെ ന്യായീകരിക്കാൻ അവർ മാധ്യമരംഗത്തുള്ളവരെ, സാംസ്കാരിക നായകരെ, അധ്യാപക സംഘടനകളെ ഒക്കെ വളരെ ഭംഗിയായി ഉപയോഗിക്കും. പഞ്ചപുച്ഛമടക്കി, മുട്ടുകുത്തി നിൽക്കുന്ന അടിമകൾ മാത്രമാണ് ഈ സാംസ്കാരിക നായകർ എന്ന മേലങ്കിയണിയുന്ന ഇടതുപക്ഷ ന്യായീകരണ കൂട്ടങ്ങൾ.

ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുമ്പോഴും, അതിന് സദാചാരത്തിന്റെയും അനുസരണക്കേടിന്റെയും ഒക്കെ പേരു പറഞ്ഞ് ന്യായീകരിക്കാൻ നൂറു കണക്കിന് അടിമ നാവുകളെ സാംസ്കാരിക നായകർ എന്നു പറഞ്ഞ് ചെല്ലും ചെലവും കൊടുത്ത് വളർത്തി എടുത്തിട്ടുണ്ടാവും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ പട്ടാപ്പകൽ, നൂറു കണക്കിന് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഒരു യുവാവിനെ പാട്ടുപാടിയെന്ന പേരു പറഞ്ഞ് എസ്‌എഫ്‌ഐ ക്രിമിനലുകൾ കുത്തിവീഴ്ത്തിയിട്ടും ഏതെങ്കിലുമൊരു സാംസ്കാരിക നായകർ പ്രതികരിച്ചോ? ഇല്ല.

തങ്ങളുടെ തലച്ചോറും ആയുധമായ തൂലികയും ഇടതുപക്ഷത്തിന് മുന്നിൽ അടിയറ വച്ച്, വല്ലപ്പോഴും വച്ച് നീട്ടുന്ന സ്ഥാനക്കയറ്റങ്ങൾക്കും അവാർഡുകൾക്കും വിദേശ യാത്രകൾക്കും വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെയും അവരുടെ പോഷകസംഘടനകളുടെയും മുന്നിൽ പലപ്പോഴും ഇത്തരം അക്രമങ്ങളെ സാമാന്യവത്ക്കരിച്ച് വിദ്യാർത്ഥി സംഘടനകളെ മുഴുവൻ വിമർശിക്കുന്ന ഒരു രീതി കണ്ടു വരുന്നുണ്ട്. എന്നാൽ എസ്‌എഫ്‌ഐ ചെയ്യുന്ന അക്രമങ്ങളെ, ജനാധിപത്യ ധ്വംസനങ്ങളെ മുഴുവൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. ബീന ടീച്ചറിന്റെ കസേര കത്തിച്ചത് എസ്‌എഫ്‌ഐ ആണ്. സരസു ടീച്ചറിന് കുഴിമാടം ഒരുക്കിയ എസ്‌എഫ്‌ഐ ആണ്. തൃപ്പൂണിത്തുറ ആർ‌എൽ‌വി കോളേജിലെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്‌എഫ്‌ഐ കാരണമാണ്. ക്യാമ്പസുകളിൽ അക്രമം നടത്തുന്നതും സ്വന്തം പ്രവർത്തകരെ കുത്തി മലർത്തുന്നതും എസ്‌എഫ്‌ഐ ആണ്. അത് അങ്ങനെ തന്നെ പറയണം അങ്ങനെതന്നെ ചർച്ച ചെയ്യണം.

മറുവശത്ത് ഇന്ത്യ മുഴുവനും, ഇന്ത്യയ്ക്ക് പുറത്ത് അറുപതോളം രാജ്യങ്ങളിലും പ്രവർത്തിക്കുന്ന എ‌ബിവിപി ഉണ്ട്. കേരളത്തിൽ തന്നെ എബിവിപിയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാമ്പസുകളുണ്ട്. ഇന്ത്യയിൽ എസ്‌എഫ്‌ഐ എന്ന് കേട്ടിട്ടില്ലാത്ത സ്ഥലങ്ങളും ക്യാമ്പസുകളുണ്ട്. അവിടെയെല്ലാം എബി‌വിപിയും ഉണ്ട്. എന്നാൽ അവിടെയെങ്ങും ഇത്തരത്തിൽ അക്രമങ്ങൾ ഞങ്ങൾ നടത്തിയിട്ടില്ല. കൂടെ നിൽക്കുന്നവനെ കുത്തി മലർത്താൻ ഒരു എബിവിപി പ്രവർത്തകന് ചിന്തിക്കാൻ പോലുമാവില്ല. കൂടെ നിൽക്കുന്നവർ ഞങ്ങൾക്ക് സഹോദരങ്ങളാണ്. എസ്‌എഫ്‌ഐക്ക് അടിമകളും അത് തന്നെയാണ് വ്യത്യാസവും.

കലാലയങ്ങളിൽ സർഗാത്മകതയും ക്രിയാത്മകതയും വളർത്താനാണ് എബിവിപി ശ്രമിക്കുന്നത്. അടിസ്ഥാനവും അത് തന്നെ. കേരളത്തിലെ കലാലയങ്ങളിൽ വിരിയുന്ന സർഗാത്മകതയും ഉയരുന്ന പ്രതികരണ ശേഷിയും മറ്റു സംസ്ഥാനങ്ങളിലും പേരു കേട്ടതാണ്. അത് എസ്‌എഫ്‌ഐ ക്യാമ്പസുകളിൽ വേരുറപ്പിയ്ക്കുന്നതിന് മുമ്പും, അവരുടെ പ്രതാപകാലത്തും, അവർ ജീർണിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ കേരളത്തിലെ ക്യാമ്പസുകളുടെ അസ്തിത്വം നിലനിർത്താൻ വിദ്യാർത്ഥി സമൂഹവും പ്രതിജ്ഞാബദ്ധമാണ്. അതിനായി തള്ളേണ്ടവരെ തള്ളാനും കൊള്ളേണ്ടവരെ കൊള്ളാനും വിദ്യാർത്ഥി സമൂഹം തയാറാവണം.

ശ്യാം‌രാജ്

എബിവിപി ദേശീയ സെക്രട്ടറി (ജന്മഭൂമിയിൽ എഴുതിയത് )

shortlink

Related Articles

Post Your Comments

Related Articles


Back to top button