ലണ്ടൺ: റാഷിദ് ഖാനെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുൻ ക്യാപ്റ്റനായിരുന്ന അസ്ഗർ അഫ്ഗാനാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ലോകകപ്പിലെ ദയനീയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിലവിലെ ക്യാപ്റ്റന്മാരെ മാറ്റി റാഷിദിനെ നായകനാക്കി നിയമിച്ചിരിക്കുന്നത്. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും റാഷിദ് തന്നെയാവും ടീമിനെ നയിക്കുക.
മൂന്ന് ഫോർമാറ്റിലെ ടീമുകൾക്കും മൂന്ന് ക്യാപ്റ്റന്മാർ എന്ന ചിന്തയുടെ ഭാഗമായാണ് ലോകകപ്പിനു തൊട്ടു മുൻപ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് ഫോർമാറ്റിലും മൂന്ന് ക്യാപ്റ്റന്മാരെ നിയമിക്കുന്നത്. റഹ്മത് ഷായെ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോൾ ഏകദിനത്തിൽ ഗുൽബദിൻ നയ്ബും ടി-20യിൽ റാഷിദും ക്യാപ്റ്റന്മാരായി നിയമിക്കപ്പെട്ടു. ഈ തീരുമാനമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടെങ്കിലും ഇതു വരെ ഒരു മത്സരത്തിൽ പോലും ടീമിനെ നയിക്കാതെയാണ് റഹ്മത് ഷാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.
Post Your Comments