ബെംഗളുരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താനിവിടെ നില്‍ക്കുന്നതെന്നും ‘കുമാരസ്വാമി നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.കുമാരസ്വാമി വിശ്വാസവോട്ടിന് തയാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ നിയമസഭയിലെ അദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി.
അതേസമയം വിമത എം.എല്‍.എമാരുടെ രാജിയിലും അവര്‍ക്ക് അയോഗ്യത കല്‍പിക്കാനുള്ള സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നീക്കത്തിലും ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജികളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും. അതുവരെ ഒരു തീരുമാനവും പാടില്ല.രാജിവച്ച പത്ത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരോടും ഇന്നലെ വൈകിട്ട് ആറു മണിക്കകം സ്പീക്കറുടെ മുന്നില്‍ ഹാജരാകാനും രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോടും സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കും മുന്‍പ് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി സ്പീക്കര്‍ മുന്നോട്ടുപോയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. അതേസമയം, വിമതരുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് കൂടി കേട്ടശേഷമേ നിലപാട് എടുക്കാവൂവെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് വിമത എം.എല്‍.എമാരുടെ ഹര്‍ജിയെന്നും കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. അതുവരെ കോടതി കാത്തിരിക്കണമോ എന്നാണ് സുപ്രീം കോടതി തിരിച്ചുചോദിച്ചത്.
അതിനിടെ, നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമായി. ജെ.ഡി.എസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. സഖ്യ സര്‍ക്കാരിന് തുടരാനുള്ള ഭൂരിപക്ഷമുണ്ടെന്നും ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 11 ദിവസം നീളുന്നതാണ് സമ്മേളനം.കോടതി ഉത്തരവ് പാലിക്കാത്ത സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് ഇന്ന് ഹര്‍ജി പരിഗണിക്കവേ വിമതരുടെ അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടു. തനിക്ക് ഉത്തരവ് നല്‍കാന്‍ കോടതി ആളല്ല എന്ന നിലപാടാണ് സ്പീക്കര്‍ക്ക്.
കോടതിയുടെ ഉത്തരവ് സ്പീക്കര്‍ ലംഘിക്കുകയാണ്. സ്പീക്കര്‍ പരസ്പര വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമതരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ സുപ്രീം കോടതിയില്‍ നിന്ന് സ്പീക്കര്‍ക്ക് ശക്തമായ വിമര്‍ശനവും നേരിടേണ്ടിവന്നിരുന്നു. കോടതിയുടെ അധികാരം ചോദ്യം ചെയ്യുകയാണോ. അയോഗ്യരാക്കുന്നത് കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കും. രാജിയില്‍ തീരുമാനം എടുക്കും മുന്‍പ് അയോഗ്യതയില്‍ തീരുമാനം എടുക്കാമെന്നാണോ എന്നും കോടതി വിമര്‍ശിച്ചു.
ഭരണഘടനയുടെ 190ാം അനുഛേദം പ്രകാരം നിയമസഭയ്ക്കുള്ളിലെ കാര്യങ്ങളില്‍ സ്പീക്കര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ നിര്‍ദേശം മറികടക്കുകയല്ലെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി. രാജി നല്‍കിയത് സ്വമേധയാ ആണോ എന്ന പരിശോധിക്കേണ്ടിയിരിക്കുന്നു. നിയമം പോലും പരിശോധിക്കാതെയാണ് സ്പീക്കറെ അപകീര്‍ത്തിപ്പെടുത്തുന്നത്. സഭയ്ക്കുള്ളിലെ തീരുമാനങ്ങളില്‍ സ്പീക്കറുടെ അധികാരം മാനിക്കണമെന്നും അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.
Post Your Comments