ന്യൂഡല്‍ഹി: നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മില്‍ ഇക്കാര്യത്തില്‍ നേരത്തേ തന്നെ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് സഞ്ചാരികള്‍ക്ക് ആശ്വാസമായി ട്രെയില്‍ ഗതാഗതം ആരംഭിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദ സഞ്ചാരികള്‍ക്കും സാഹസികയാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് ടൈംസ് ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്തു .
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള രാജ്യത്തെ ആദ്യത്തെ അത്യാധുനിക റെയില്‍ പാതയായിരിക്കും ഇത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സഞ്ചാരികള്‍ക്ക് നേപ്പാളിലെ പ്രധാന ടൂറിസം സ്‌പോട്ടുകളിലെത്താന്‍ എളുപ്പത്തില്‍ സാധിക്കും. ഉത്തര്‍പ്രദേശിലെ ബര്‍ഹിനിയും നേപ്പാളിലെ കാഠ്മണ്ഡുവുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റെയില്‍വേ പദ്ധതി വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അന്തര്‍ സര്‍ക്കാര്‍ കരാറിനുള്ള നേപ്പാളിന്റെ സമ്മതത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ്. റെയില്‍വേ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് അങ്കടി പറഞ്ഞു. ഇന്ത്യന്‍ പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ലൈനിനായുള്ള സര്‍വേ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
കാഠ്മണ്ഡുവിനെ ഇന്ത്യന്‍ അതിര്‍ത്തിയായ റക്‌സൗലുമായും ചൈനീസ് അതിര്‍ത്തിയായായ കീറംഗുമായും ബന്ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നേപ്പാള്‍ പറഞ്ഞു.
Post Your Comments