മൂവാറ്റുപുഴ: വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. 11.8 കോടി രൂപ വിലമതിക്കുന്ന സ്വത്താണു താല്‍ക്കാലികമായി കണ്ടുകെട്ടുന്നത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നടപടി. വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ സൂരജിന്റെ യഥാര്‍ഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളുമാണു വിജിലന്‍സ് പരിശോധിച്ചത്.
എറണാകുളം എളമക്കരയിലെ 6 സെന്റ്, 8.9 സെന്റ്, വെണ്ണലയിലെ കെട്ടിട സമുച്ചയം, ഇവിടെത്തന്നെയുള്ള 16 സെന്റിലെ ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ 15.5 സെന്റ് സ്ഥലം, എളംകുളത്തെ ഫ്‌ലാറ്റ്, ആലങ്ങാട്ടുള്ള 57 സെന്റ് സ്ഥലം, തോട്ടയ്ക്കാട്ടുകരയിലെ 10 സെന്റ് സ്ഥലം, ആലുവയിലെ 3 ഗോഡൗണുകള്‍, പീരുമേട്ടിലുള്ള 25 സെന്റ്, വാഴക്കാലയിലെ കൂറ്റന്‍ ഗോഡൗണ്‍, എളംകുളത്തുള്ള കെട്ടിടം എന്നിവ കണ്ടുകെട്ടാനാണു കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം കവടിയാറിലുള്ള ഹീര അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റ് കൈമാറ്റം ചെയ്യുന്നതു കോടതി വിലക്കിയിട്ടുമുണ്ട്.
സൂരജിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള വീട്, ഫ്‌ലാറ്റ്, ഗോഡൗണ്‍ എന്നിവ ഉള്‍പ്പെടെ 18 ഭൂസ്വത്തുക്കള്‍, 5 വാഹനങ്ങള്‍ എന്നിവയാണു കണ്ടുകെട്ടുക. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പിയാണ് ഇതു സംബന്ധിച്ച ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Post Your Comments