ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അരുണാചലില്‍ മരണടമടഞ്ഞ മലയാളി ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് പരാതി. ജീര്‍ണ്ണിച്ച നിലയില്‍ ഉറപ്പില്ലാത്ത പെട്ടിയില്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാണ് മൃതദേഹം നാട്ടില്ലെത്തിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃത്യമായി എംബാം ചെയ്യാത്തതിനാലാണ് മൃതദേഹം ജീര്ണ്ണിച്ചതെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ചിങ്ങോലി സ്വദേശിയായ അനില്‍കുമാര്‍ അരുണാചലല്പ്രദേശില് സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അനിലിന്റെ മൃതദേഹം ഇന്നലെ രാവിലൊണ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നു. എന്നാല്‍ സംസ്കാര ചടങ്ങിനു മുന്നായി വസ്ത്രങ്ങള്‍ മാറ്റുമ്പോള്‍ മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൃത്യമായി എംബാം ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്ന് അവര്‍ ആരോപിച്ചു. ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ പോലും പ്രയാസമായിന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെതുടര്‍ന്ന് ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ബന്ധുക്കള്‍ നല്കിയ പരാതി ഡല്‍ഹിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Post Your Comments