Latest NewsKerala

ഇടുക്കി മുന്‍ എസ്പിയുടെ മരുമകളുടെ വജ്രാഭരണത്തിന് 4 പൊലീസുകാര്‍ കാവല്‍: അന്വേഷണം തുടങ്ങി

മെയില്‍ കൊച്ചിയില്‍ നടന്ന വേണുഗോപാലിന്റെ മകന്റെ വിവാഹത്തിന് വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ വനിത പോലീസ് ഓഫിസര്‍ ഉള്‍പ്പെടെ നാലു പേരെ നിയോഗിച്ചിരുന്നു

തൊടുപുഴ: ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിനെതിരെയുള്ള പരാതികളില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലെ നാല പോലീസുകാരെ നിയോഗിച്ചുവെന്നും,എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി ഇടപെട്ട് തോട്ടം ഉടമകളില്‍ ഒരാളുടെ ബംഗ്ലാവില്‍ മേയ് 31 നു വേണുഗോപാല്‍ തങ്ങിയതിനെന്നുമുള്ള പരാതികളിലാണ് അന്വേഷണം.

മെയില്‍ കൊച്ചിയില്‍ നടന്ന വേണുഗോപാലിന്റെ മകന്റെ വിവാഹത്തിന് വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ വനിത പോലീസ് ഓഫിസര്‍ ഉള്‍പ്പെടെ നാലു പേരെ നിയോഗിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു എഎസ്‌ഐയാണ് തയാറാക്കി നല്‍കിയ പട്ടിക പ്രകാരം തൊടുപുഴ മേഖലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.ഇന്റലിജന്‍സിനു ലഭിച്ച വിവരമനുസരിച്ച് വജ്രാഭരണങ്ങള്‍ മരുമകളുടെ വീട്ടില്‍ എത്തിക്കുന്നതു മുതല്‍ വിവാഹ ദിനം വരെ പോലീസുകാര്‍ രാവും പകലും കാവല്‍ നിന്നിരുന്നു.

അതേസമയം വണ്ടിപ്പെരിയാര്‍ മേഖലയില്‍ എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ വേണുഗോപാല്‍ അനധികൃതമായി ഇടപെട്ടുവെന്ന് എസ്റ്റേറ്റ് ഉടമകളില്‍ ഒരാള്‍, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതി നല്‍കി.

ഇല്ലാത്ത കാരണത്തിന്റെ പേരില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നു സ്ഥലം സിഐയോടു വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ദേഷ്യം തീര്‍ക്കാന്‍ സിഐയെ എസ്പി ഓഫിസില്‍ വിളിച്ചു വരുത്തി, രാവിലെ മുതല്‍ വൈകിട്ടു വരെ ഓഫിസിനു മുന്നില്‍ നിര്‍ത്തി. സംഭവത്തില്‍ എറണാകുളം മുന്‍ ട്രാഫിക് അസി. കമ്മീഷണര്‍ സി.എസ്. വിനോദ്, അന്വേഷണം നടത്തി കൊച്ചി റേഞ്ച് ഐജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നല്‍കിയതിന്, പരാതിക്കാരനെ വേണുഗോപാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി തനിക്ക് ഒപ്പമുണ്ടെന്നും എറണാകുളം ജില്ലയിലെ ഉന്നത നേതാവാണു തന്നെ ഇടുക്കിയിലേക്കു നിയോഗിച്ചതെന്നും വേണുഗോപാല്‍ പരാതിക്കാരനോടു പറഞ്ഞുവെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button