കണ്ണൂര്‍: സെമിഹൈസ്പീഡ് തീവണ്ടികള്‍ ഓടിക്കാനുള്ള ആകാശസര്‍വേക്കുള്ള കരാര്‍ ഹൈദരാബാദിലെ ജിയോനോ കമ്പനിക്കു ലഭിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ലേസര്‍ ലിഡാര്‍ സര്‍വേ നടത്താനുള്ള കരാര്‍ ആണ് കമ്പനിക്കു ലഭിച്ചത്. തിരുവനന്തപുരംമുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് തീവണ്ടി ഓടിക്കാന്‍ 575 കിലോമീറ്ററിലാണ് ആകാശസര്‍വേ. കൂടാതെ രണ്ട് സര്‍വേകള്‍ക്ക് കൂടി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ആര്‍.ഡി.സി.എല്‍.) ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.
നേരത്തേ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ ലിഡാര്‍ സര്‍വേ ജിയോന നടത്തിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കാസര്‍കോട്-കൊച്ചുവേളി റൂട്ടില്‍ (531 കിലോമീറ്റര്‍) നിര്‍ദിഷ്ട ലൈനിന്റെ ഇരുവശവും 300 മീറ്റര്‍വീതിയിലാണ് സര്‍വേ നടത്തുക. നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പോകുന്ന സ്ഥലങ്ങളിലെ മണ്ണുമായി ബന്ധപ്പെട്ട സര്‍വേയാണ് അടുത്തത്. യാത്ര ഉള്‍പ്പെടെ പരിശോധിക്കുന്ന ഗതാഗതസര്‍വേക്കും റെയില്‍വെ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട്-കൊച്ചുവേളി 531 കിലോമീറ്റര്‍ നാലുമണിക്കൂറിനുള്ളില്‍
എത്തിച്ചേരാനാകും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉണ്ടാവുക.
Post Your Comments