കൊല്ലം : രാജ്യത്തു മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു നേരെയും ഹാക്കിങ് ഭീഷണി. മുന്നറിയിപ്പുമായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) രംഗത്തെത്തി. ശരീരത്തിന്റെ ഗ്ലൂക്കോസ് നില സ്വയം അപഗ്രഥിച്ച് ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ പമ്പ് ചെയ്യുന്ന ഓട്ടോമാറ്റിക് ഇന്‍സുലിന്‍ പമ്പുകളില്‍ ചിലതാണ് കടുത്ത ഹാക്കിങ് ഭീഷണി നേരിടുന്നത്. ഇതു സംബന്ധിച്ചു ജാഗ്രത പാലിക്കാനും ഡിസിജിഐ നിര്‍ദേശിച്ചു.
വയര്‍ലെസ് റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) തത്വം ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം ഉപകരണങ്ങളുടെ സോഫ്റ്റ്വെയര്‍ സാങ്കേതികമായി ഉയര്‍ന്ന അറിവുള്ളവര്‍ക്കു ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണു കണ്ടെത്തല്‍. ഇതേ തുടര്‍ന്നു ഇന്ത്യ മെഡ്‌ട്രോണിക് കമ്പനിയുടെ നാലു ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഡിസിജിഐ ആശങ്ക പറയുന്നുണ്ട്.
ഉപകരണം ഹാക്ക് ചെയ്താല്‍ രോഗിയുടെ ശരീരത്തിലേക്ക് ഇന്‍സുലിന്‍ പ്രവഹിക്കുന്നതു നിയന്ത്രിക്കാന്‍ ഹാക്കര്‍ക്കു സാധിക്കും. നിശ്ചിത അളവില്‍ കുറച്ചോ അളവു വളരെക്കൂട്ടിയോ ഇന്‍സുലിന്‍ രോഗിയുടെ ശരീരത്തിലെത്തുന്നതു മരണത്തിനു വരെ കാരണമാകും. ഇതോടെയാണ് ഡിസിജിഐ മുന്നറിയിപ്പു പുറത്തിറക്കിയത്.
Post Your Comments