തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനമാണ് ഹര്‍ഷിന നേരിടുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ആരോഗ്യവകുപ്പ് ആര്‍ക്ക് വേണ്ടിയാണ് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും സലാം ചോദിച്ചു.
Read Also: ഇന്ത്യ സഖ്യത്തിൽ ഭിന്നത: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് ആം ആദ്മി
അതേസമയം, സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതികള്‍.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു.
പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് ഹര്‍ഷിനയുടെ പ്രതികരണം. പൊലീസില്‍ നിന്നും നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാടെന്നും ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഹര്‍ഷിന.
Post Your Comments