നെടുങ്കണ്ടം: കസ്റ്റഡിയിലിരിക്കവെ കൊല്ലപ്പെട്ട ഹരിത ഫിനാന്‍സിയേഴ്സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി രാജ്കുമാറിന് പോലീസ് സ്റ്റേഷനില്‍ വെച്ച് വൈദ്യന് ചികിത്സിച്ചുവെന്ന് സ്ഥിരീകരണം. തൂക്കുപാലം സ്വദേശിയായ വൈദ്യനാണ് താന്‍ നെടുങ്കണ്ടം സ്റ്റേഷനിലെത്തി രാജ്കുമാറിനെ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്.
പോലീസ് അനധികൃതമായി രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച ജൂണ്‍ 13ന് വൈകിട്ടാണ് താന്‍ സ്റ്റേഷനിലെത്തി ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രതിഫലമായി 500 രൂപ പോലീസ് നല്‍കിയെന്നും വൈദ്യന് വ്യക്തമാക്കി.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്ക്കാന് കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ പരിക്കിന്റെ കാരണം തിരക്കിയപ്പോള്‍ വീണതാണെന്നാണ് പോലീസ് പറഞ്ഞെതെന്നും വൈദ്യന് പറഞ്ഞു.
അയാള്‍ക്കു മുട്ടിനു തീരെ വയ്യായിരുന്നു. തുടര്‍ന്ന് മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പോലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പോലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ’ തെന്നും വൈദ്യന് പറഞ്ഞു.
Post Your Comments