തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ ബി മോഹന്‍ദാസിന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. ചെയര്‍മാന്‍ ആചാരലംഘനം നടത്തിയെന്നും തന്ത്രിയുടെ അധികാരത്തില്‍ കൈകടത്തിയെന്നും ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി യുവമോര്‍ച്ചയും ബിജെപിയും കെ ബി മോഹന്‍ദാസിന്‍റെ രാജി ആവശ്യപ്പെടുന്നുണ്ട്.
കലശ ചടങ്ങിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഇടനാഴിയിലേക്ക് മോഹന്‍ദാസ് പ്രവേശിച്ച സംഭവത്തെ തുടർന്നാണ് ഇത്. കെ ബി മോഹന്‍ദാസിന്‍റെ തൃശൂരിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഗുരുവായൂരില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും തകര്‍ക്കുന്നു എന്ന മുദ്രാവാക്യത്തോടെയായിരുന്നു യുവമോര്‍ച്ചയുടെ മാര്‍ച്ച്. സംഭവത്തില്‍ തന്ത്രിയും പരിചാരകരും കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
തന്ത്രിക്കാണ് ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ പൂര്‍ണ്ണ അധികാരമെന്നും ഇത് വകവയ്ക്കാതെയാണ് ചെയര്‍മാന്‍റെ പ്രവര്‍ത്തനമെന്നും ഇവര്‍ ആരോപിക്കുന്നു. ക്ഷേത്രത്തിനകത്തെ പല കാര്യങ്ങളിലും ചെയര്‍മാന്‍ കൈകടത്തുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ട്.
Post Your Comments