ന്യൂഡൽഹി: റായ്ബറേലി ആധുനിക കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സോണിയ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. പരീക്ഷണത്തിനായി സർക്കാർ ഈ ഫാക്ടറി തന്നെ തെരഞ്ഞെടുത്തതിലാണ് വലിയ ആശങ്കയെന്നും സോണിയ പറഞ്ഞു. ഗുണനിലവാരമുള്ള കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്നതിന് വേണ്ടി യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചതാണ് റായ്ബറേലിയിലെ കോച്ച് ഫാക്ടറി. കോച്ച് ഫാക്ടറിയെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ സംരക്ഷിക്കണമെന്നും ലോക്സഭയിൽ സോണിയ ആവശ്യപ്പെട്ടു.
എച്ച്എഎൽ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ പൊതു മേഖല സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയിലും സോണിയ ആശങ്ക പ്രകടിപ്പിച്ചു. ഈ സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ ആരിൽ നിന്നും മറച്ചു പിടിക്കാൻ കഴിയില്ല. വിലമതിക്കാനാവാത്ത സന്പത്ത് ചുരുങ്ങിയ വിലയ്ക്ക് സ്വകാര്യ കുത്തകകളുടെ കൈയിൽ എത്താനേ സ്വകാര്യവത്കരണം സഹായിക്കൂ. ഇതുവഴി ആയിരക്കണക്കിന് ജീവനക്കാർ തൊഴിൽ രഹിതരാകുമെന്നും സോണിയ പറഞ്ഞു.
Post Your Comments