KeralaLatest News

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍; പ്രചാരണം തള്ളി ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍, സത്യാവസ്ഥ ഇങ്ങനെ

എരുമേലി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഉപയോഗപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ നിന്നുണ്ടായതെന്നും വിമാനത്താവളത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍ പിആര്‍ഒ ഫാദര്‍ സിജോ പന്തപ്പള്ളില്‍ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത ബിലിവേഴ്‌സ് ചര്‍ച്ചിന് തന്നെയാണ്. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സില്‍ നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങുകയായിരുന്നു.

കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ സമീച്ചെങ്കിലും വിധി ചര്‍ച്ചിന് അനുകൂലമാവുകയായിരുന്നു.  എസ്റ്റേറ്റ് ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച സര്‍ക്കാരുമായി നടത്തിയിട്ടില്ല. ബിലിവേഴ്‌സ് ചര്‍ച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമില്ല. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സഭാ കൗണ്‍സില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button