
മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ബിസിസിഐയോ ധോണിയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 14ന് ലോർഡ്സിൽ നടക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിരീടം നേടി ഇതിഹാസ നായകന് ഉജ്വല യാത്രയയപ്പ് നൽകാനാണ് ടീമിന്റെ ശ്രമമെന്നും പിടിഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ധോണിയുടെ കാര്യമായതുകൊണ്ട് ഉറപ്പില്ല. എങ്കിലും ഈ ലോകകപ്പിനുശേഷം ധോണി ഇന്ത്യൻ കുപ്പായത്തിൽ തുടരാൻ സാധ്യത തീർത്തും വിരളമാണ്. എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനത്തുനിന്ന് ധോണി മാറിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ വിരമിക്കലിന്റെ കാര്യത്തിൽ കൃത്യമായൊരു പ്രവചനം അസാധ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Post Your Comments