കണ്ണൂര്‍: തുറന്നിട്ട റെയില്‍വെ ഗേറ്റിലൂടെ എന്‍ജിന്‍ കടന്നു പോകുന്നതറിയാതെ വാഹനം മുന്നോട്ടെടുത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണൂര്‍ നടാല്‍ റെയില്‍വെ ഗേറ്റിലാണ് സംഭവുണ്ടായത്. ബസിനും കാറിനും മുന്നിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ എന്‍ജിന്‍ കടന്നു പോയപ്പോള്‍ ബസിലുള്ളവരുടെ ജീവന്‍ രക്ഷിച്ചത് ഡ്രൈവര്‍ എം.വി.രമേശന്റെ മനോധൈര്യം ഒന്നു കൊണ്ടു മാത്രമാണ്.
ട്രെയിന്‍ പോകുന്നതിനായി അടച്ചിട്ട ഗേറ്റ് തുറന്നപ്പോള്‍ തന്നെ വാഹനങ്ങള്‍ മുന്നോട്ടെടുത്തു തുടങ്ങി. ഇരുവശത്തും നിറയെ വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഓട്ടോയും 3 കാറുകളും 2 ട്രാക്കുകളും കടന്ന് തലശ്ശേരി റോഡിലേക്കു കയറുന്നതിനിടെയാണ് റെയില്‍വേ എന്‍ജിന്റെ ഹോണ്‍മുഴക്കം. ഇടത്തോട്ടു നോക്കുമ്പോള്‍ എന്‍ജിന്‍ അടുത്തെത്താറായി. സംഭവം കണ്ടതോടെ യാത്രക്കാരെല്ലാം ്‌ലറി വിളിക്കാന്‍ തുടങ്ങി. പുറകില്‍ വാഹനങ്ങള്‍ ഉള്ളതിനാല്‍ ബസ് പുറകിലേയ്‌ക്കെടുക്കാനും കഴിയുമായിരുന്നില്ല.
രമേശന്‍ മനസ്സാനിധ്യം കൈവിടാതെ ബ്രേക്കിട്ടു. ബസ് നിന്നതും തൊട്ടുമുന്നിലൂടെ എന്‍ജിന്‍ കടന്നുപോയി. കണ്ണൂര്‍ ഭാഗത്തേക്കു വന്നിരുന്ന കാറിലുള്ളവരും ഭയന്നുവിറച്ചിട്ടുണ്ടാകും. അത്ര അടുത്തു കൂടിയാണ് എന്‍ജിന്‍ പോയതെന്ന് ബസ് കണ്ടക്ടര്‍ കടാങ്കോട്ട് വല്‍സനും പറഞ്ഞു. അതേസമയം ഗേറ്റിനും ഇരുവശത്തും കാട് കേറിയത് കാഴ്ചമറിക്കുന്നുണ്ട്. ഇത് ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് ഇതു വൃത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ റെയില്‍വെ അന്വേഷണം തടുങ്ങി. സിഗ്‌നല്‍ സംവിധാനത്തില്‍ പിഴവുണ്ടായിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. 38 വര്‍ഷമായി ഈ റൂട്ടില്‍ ബസ് ഓടിക്കുന്ന ആളാണ് രമേശന്‍. ആളില്ലാത്ത ലവല്‍ക്രോസിങ്ങിലൂടെ പോലും വണ്ടിയോടിച്ചിട്ടുണ്ട്. അന്നൊന്നും ട്രെയിനിനു മുന്‍പില്‍ പെട്ടിട്ടില്ലെന്നും ഇത് ആദ്യത്തെ അനുഭവം ആണെന്നും അദ്ദേഹം പറഞ്ഞു. എന്റെ കാര്യമല്ല, ഇത്രയും പേരുടെ ജീവനക്കുറിച്ചാണ് ആ നിമിഷത്തില്‍ ഓര്‍ത്തതെന്നും രമേശന്‍ പറഞ്ഞു.
Post Your Comments