പൊന്‍കുന്നം: പി.സി ജോര്‍ജ് എം.എല്‍.എയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊന്‍കുന്നം സി.ഐയെ വിളിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തോണിപ്പാറ മുത്തുവയലില്‍ അനീഷ് എസ്.നായരെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന പരാതിയിലാണ് അനീഷിനോട് പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെയാണ് അനീഷ് പി.സി ജോര്‍ജിന്റെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐ വി.കെ വിജയരാഘവനെ വിളിച്ചത്.’പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതു പോലെ കാര്യങ്ങള്‍ ചെയ്യണം’ എന്നായിരുന്നു പറഞ്ഞത്. ഇക്കാര്യത്തില്‍ സംശയം തോന്നിയ പൊലീസ് എം.എല്‍.എയെ ബന്ധപ്പെടുകയും താന്‍ വിളിച്ചിട്ടില്ലെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ താക്കീതിൽ ഒതുങ്ങുമായിരുന്ന കേസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റേഷനിലെത്തിയ അനീഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പി.സി ജോര്‍ജാണെന്ന് മനസ്സിലായത്. അമ്മയുടെ ഫോണില്‍ നിന്നാണ് അനീഷ് വിളിച്ചത്. അനീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments