ന്യൂഡല്‍ഹി : ഏഴ് ആഴ്ചത്തെ വേനലവധിക്ക് ശേഷം സുപ്രിം കോടതി ഇന്ന് തുറക്കും. ശബരിമല പുനഃപരിശോധന ഹര്‍ജികളിലും റഫാല്‍ ഇടപാട്, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി തുടങ്ങിയവയിലും ഉടന്‍ വിധിയുണ്ടായേക്കും. ബാബരി മസ്ജിദ് ഭൂമി തര്‍ക്കം, മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കല്‍ തുടങ്ങിയ സുപ്രധാന കേസുകളും കോടതിയുടെ മുന്നിലെത്തും. ഇവക്ക് പുറമെ, ലാവലിന്‍ കേസ്, നടി ആക്രമണത്തിനിരയായ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തുടങ്ങിയവയും സുപ്രിം കോടതി ഉടന്‍ പരിഗണിച്ചേക്കും.
വിശ്വാസവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളിലെ വിധി പ്രഖ്യാപനമാണ് സുപ്രിം കോടതിയില്‍ നിന്ന് വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ ഉടന്‍ വിധിയുണ്ടായേക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ച് ഫെബ്രുവരി 6 ന് കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ വിധി പ്രസ്താവവും വരും ദിവസങ്ങളില്‍ ഉണ്ടാകും. ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതി രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേസില്‍ വാദം കേള്‍ക്കവെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടന്നത്. ഇതിന് ശേഷമാണ് കേസ് ഭരണഘടന ബഞ്ചിന്റെ മുന്നില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
ലോക്‌സഭ തെരഞ്ഞടുപ്പിലടക്കം ഏറെ രാഷ്ട്രീയ കോളിളക്കം തീര്‍ത്ത റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലും ഉടന്‍ വിധി പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പി വിമത നേതാക്കളായ യശ്വന്ത് സിന്‍ഹയുടെയും അരുണ്‍ ഷൂരിയുടെയും അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളന്‍ ആണ് എന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോടതി നടപടി സ്വീകരിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നു.
Post Your Comments