തൊടുപുഴ : പീരുമേട് സബ് ജയിലില്‍ മരിച്ച റിമാന്‍ഡ് പ്രതി കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് നടന്നത് ഉരുട്ടിക്കൊല എന്നു തന്നെയാണ്. ശരീരത്തില്‍ 14 മുറിവുകളും 7 ചതവുകളും ഇണ്ട്. 4 വാരിയെല്ലുകള്‍ പൊട്ടി. ഇതോടെ കുമാര്‍ പൊലീസ് കസ്റ്റഡിയിലായിരിക്കെ ക്രൂര മര്‍ദനമുറയായ ഉരുട്ടലിനു വിധേയനായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. ന്യൂമോണിയയാണു മരണ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദനം ന്യൂമോണിയയിലേക്കു നയിക്കുമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മൂര്‍ച്ചയില്ലാത്ത ആയുധങ്ങളോ വടിയോ മര്‍ദനത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നതെന്നു ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കുമാറിനു കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്ന ആരോപണം ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. പീരുമേട് സബ് ജയിലില്‍ വച്ച്, കഴിഞ്ഞ മാസം 21നു രാവിലെ തുള്ളി വെള്ളം തരുമോയെന്നു കരഞ്ഞു യാചിച്ച് കുമാര്‍ നിലത്തുവീഴുന്നതു കണ്ടിരുന്നതായി സഹതടവുകാരന്‍ സുനില്‍ സുകുമാരന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 21നു രാവിലെയായിരുന്നു മരണം. തലേന്ന് രാത്രി 7ന് നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നു കുമാര്‍ കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്നും സുനില്‍ വെളിപ്പെടുത്തിയിരുന്നു.
ശരീരത്തില്‍ ആകെ 22 പരുക്കുകള്‍. തുടയിലും കാല്‍വണ്ണയിലും ചതവുകളും മുറികളും; കാലുകളില്‍ തൊലി അടര്‍ന്നു മാറി. കാല്‍വിരലുകളിലും കാല്‍പാദങ്ങളിലും കൈകളിലും കീഴ്ചുണ്ടിലും മുറിവുണ്ട്. ഏതെങ്കിലും പ്രതലത്തില്‍ ശരീരം ശക്തിയോടെ ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുട മുതല്‍ കാല്‍പാദം വരെ അസ്വാഭാവികമായ 4 ചതവുകള്‍ കണ്ടെത്തി. മുട്ടിനു താഴെയാണു കൂടുതല്‍ പരുക്ക്. തുടയുടെ പുറം ഭാഗത്താണു ചതവുകള്‍.കുമാറിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു പൊലീസ് പകര്‍ത്തിയ ചിത്രത്തില്‍ തന്നെ മുഖത്തു മര്‍ദനമേറ്റു കരുവാളിച്ചതിന്റെ പാടുകളുണ്ട്. കഴിഞ്ഞ മാസം 12നാണു കസ്റ്റഡിയിലെടുത്തത്.
Post Your Comments