KeralaNews

സംസ്ഥാനത്ത് ‘അക്വാ ഗ്രീന്‍’ കുപ്പിവെള്ളം നിരോധിച്ചു

 

കോട്ടയം: പെന്റാ അക്വാ കമ്പനിയുടെ ‘അക്വാ ഗ്രീന്‍’ കുപ്പിവെള്ളം നിരോധിച്ചു. ഫുഡ് ആന്റ് സേഫ്റ്റി ഡിപാര്‍ട്ട്മെന്റാണ് അക്വാ ഗ്രീന്‍’ കുപ്പിവെള്ളം നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്. കോട്ടയം തലയോലപ്പറമ്പ് താഴേപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തുടനീളം വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ നിരോധനം നിലവില്‍ വന്നതോടെ വിപണിയിലുള്ള കുപ്പിവെള്ളം വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് അനുമതിയുണ്ടാകില്ല.

അനുവദനീയമായതിലും കൂടുതല്‍ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതായി ഫുഡ് ആന്റ് സേഫ്റ്റി ഡിപാര്‍ട്ട്മെന്റ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ലേബല്‍ പതിച്ച കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

വിപണിയിലുള്ള കുപ്പിവെള്ളം ഉടന്‍ പിന്‍വലിക്കണമെന്നാണ് കമ്പനിക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട ബ്രാന്‍ഡ് എന്ന നിലയില്‍ ഇവ ഒറ്റയടിക്ക് മാര്‍ക്കറ്റില്‍ നിന്നും തിരികെ വിളിക്കുക പ്രായോഗികമല്ലെന്നാണ് സൂചന. നിരോധിച്ച ‘അക്വാ ഗ്രീന്‍’ കുപ്പിവെള്ളത്തിന്റെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ +9189433 46185 എന്ന നമ്പറില്‍ വിളിച്ചറിയിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button