ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. കനത്ത സുരക്ഷയാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചു. തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പ് പ്രകാരം അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മാതൃകയിലുള്ള സ്‌ഫോടനം ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ സുരക്ഷാ സംഘങ്ങളെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഉടനീളം വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ സിആര്‍പിഎഫിന്റെ സംഘം ബൈക്കില്‍ അനുഗമിക്കുകയും ചെയ്യും. ദ്രുതകര്‍മസേനയും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കി രംഗത്തുണ്ട്. വാഹനനീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും റഡാറുകളും ഏര്‍പ്പെടുത്തിയതിനൊപ്പം പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ദര്‍ശനം നടത്താന്‍ 1.5 ലക്ഷം തീര്‍ത്ഥാടകരാണ് ഇതുവരെ പേര് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകരാണ് അമര്‍നാഥില്‍ എത്തിയിരുന്നത്. 2017 ല്‍ അമര്‍നാഥ് യാത്രക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Post Your Comments