തിരുവനന്തപുരം : രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇതുവരെ 200 സര്‍വീസുകള്‍ സംസ്ഥാനത്ത് റദ്ദാക്കി. തെക്കന്‍ കേരളത്തെയാണ് ഇത് കൂടുതലായും ബാധിക്കുക. കൊട്ടാരക്കരയില്‍ മാത്രം 40 സര്‍വീസുകളാണ് റദ്ദാക്കിയത്.
കോട്ടയത്ത് ഇരുപത്തൊന്നും പത്തനംതിട്ടയിലും തിരുവല്ലയിലും 20 വീതവും സര്‍വീസുകള്‍ മുടങ്ങി. 3 മേഖലകളിലെ ഡ്രൈവര്‍മാര്‍ക്കു പുറമേ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് എംപാനലുകാരായി നിയോഗിക്കപ്പെട്ട 300 ഡ്രൈവര്‍മാരെയും ഒഴിവാക്കുന്നുണ്ട്. ഇവരില്‍ 79 ദിവസം പൂര്‍ത്തിയാക്കിയ ഇരുനൂറോളം പേരെ ആദ്യഘട്ടമായി പിരിച്ചുവിട്ടു.
വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 24 സര്‍വീസുകള്‍ റദ്ദാക്കി. നാളെയോടെ സംസ്ഥാനത്ത് 500ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിവരം. ഇത് യാത്രാദുരിതം വര്‍ധിപ്പിക്കും. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണ് 3,861 എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും പിരിച്ചുവിടാന്‍ 30 വരെ സാവകാശം ലഭിച്ചതേയുള്ളൂ. സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനല്‍ ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇത് സംസ്ഥാനത്ത് ഉടനീളമുള്ള സര്‍വീസുകളെ ബാധിച്ചു.
Post Your Comments