KeralaLatest News

വിവാദങ്ങള്‍ക്കൊടുവില്‍ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈന്‍ ഉദ്ഘാടനം ഇന്ന്

കൊച്ചി: എറണാകുളത്തെ വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുത ലൈനിന്റെയും ചെറായി സബ്ബ് സ്റ്റേഷന്റെയും ഉദ്ഘാടനം ഇന്ന് വൈദ്യുത മന്ത്രി എം എം മണി നിര്‍വ്വഹിക്കും. മന്നം മുതല്‍ ചെറായി വരെയുള്ള 110 കെവി വൈദ്യുത ലൈനാണ് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമാകുന്നത്.

വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള 110 കെവി വൈദ്യുത ലൈന്‍ പണികള്‍ ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് പൂര്‍ത്തിയാക്കിയത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖല നേരിടുന്ന വൈദ്യുത ക്ഷാമം പരിഗണിച്ചാണ് 1999 ല്‍ മന്നം മുതല്‍ ചെറായി വരെയുള്ള വൈദ്യുത ലൈനും ചെറായി സബ്ബ് സ്റ്റേഷനും രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ 2009 ല്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള അലൈന്‍മെന്റ് തര്‍ക്കങ്ങള്‍ കോടതിയിലെത്തിയതോടെ പണികള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

സ്ഥലമുടമ മീനാ മേനോന്റെ നേതൃത്വത്തില്‍ ശാന്തി വനത്തില്‍ വൈദ്യുത ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും കെഎസ്ഇബിക്ക് അനുകൂലമായി വിധി വന്നതോടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മന്നം എടയാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് വൈദ്യുത ലൈനുകളാണ് ചെറായി സബ്ബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button