അബുദാബി : പ്രവാസികളുടെ 18 വയസ് പിന്നിട്ട മക്കള്‍ക്ക് മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യു.എ.ഇ വിസ അനുവദിച്ച് തുടങ്ങി. പുതുക്കാന്‍ കഴിയുന്ന ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് പ്രവാസികളുടെ മക്കള്‍ക്ക് അനുവദിക്കുക.
ഹൈസ്‌കൂള്‍ പഠനമോ, യൂനിവേഴ്‌സിറ്റി ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്കും 18 വയസ് പിന്നിട്ടതോ ആയ മക്കള്‍ക്കാണ് പ്രവാസികളായ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യു.എ.ഇ ഒരു വര്‍ഷത്തെ വിസ അനുവദിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി.
യു.എ.ഇക്ക് അകത്തും പുറത്തും പഠനപൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷ നല്‍കാം. പഠനം പൂര്‍ത്തിയാക്കിയതിന്റെയും വയസ് തെളിയിക്കുന്നതിന്റെയും രേഖകള്‍ അപേക്ഷക്കൊപ്പം ഹാജരാക്കണം. അതോറിറ്റിയുടെയും ജി.ഡി.ആര്‍.എഫ്.എയുടെയും കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങളില്‍ മക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിക്കും.സ്‌കൂള്‍ പഠനം, അല്ലെങ്കില്‍ യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ തിയ്യതിക്ക് ശേഷം, അല്ലെങ്കില്‍ നിയമപ്രകാരം 18 വയസ് പിന്നിട്ട ശേഷം ഈ വിസക്ക് അപേക്ഷിക്കാം. ഈ മാസം 15 മുതല്‍ ഇത്തരം വിസകള്‍ അനുവദിച്ച് തുടങ്ങിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
നേരത്തേ മാനുഷിക പരിഗണന സമിതിയില്‍ അപേക്ഷ നല്‍കി 5000 ദിര്‍ഹം കെട്ടിവെച്ചുമാണ് പ്രത്യേക സാഹചര്യങ്ങളില്‍ മക്കള്‍ക്ക് വിസ ലഭ്യമാക്കിയിരുന്നത്.
Post Your Comments