KeralaLatest News

‘പാമ്പുകളേക്കാള്‍ വിഷമുള്ള ചിലര്‍ ചുറ്റുമുണ്ട്’ ; പാമ്പുപിടുത്തം അവസാനിപ്പിക്കാനൊരുങ്ങി വാവ സുരേഷ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സ്‌നേക്ക് മാസ്റ്റര്‍ വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താനൊരുങ്ങുന്നതായി വിവരം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്.മൂന്ന് പതിറ്റാണ്ടോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കാനൊരുങ്ങുന്നത്. ആളുകളുടെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ വയ്യെന്നും അതാണ് ഈ തീരുമാനത്തിലേക്കെത്തിച്ചതെന്നും വാവ സുരേഷ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകള്‍ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും പിടിക്കുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നതുമെല്ലാമുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. ആദ്യം തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്നും ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്നും വാവ സുരേഷ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരിക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കി. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button