ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാരില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുക്കും. ഇതിവായി അന്വേഷണ സംഘം ഇന്ന് നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് തെടുപുഴ യൂണിറ്റ്, മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റന്ന കാര്യം ശരിവെക്കുന്നതാന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. സംഭവത്തില്‍ അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക. സിസിടിവി ദൃശ്യങ്ങളും, സ്റ്റേഷന് റെക്കോര്‍ഡുകളും സംഘം പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് രാജ്കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫിനാസിലെത്തി തെളിവെടുപ്പ് നടത്തും.
ഇന്നലെ വൈകീട്ട് വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നുമാണ് മൊഴിയെടുത്തത്. രാജ്കുമാര് നടത്തിയ സാമ്പത്തിക തട്ടിപ്പിലെ പണം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും വീട്ടുകാരില്‍ നിന്ന് അന്വേഷിച്ച് അറിഞ്ഞത്. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ 40 പൊലീസുകാര്‍ക്ക് കൂടി സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന.
Post Your Comments