തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പ്രതികള്‍ 83 തവണ സ്വര്‍ണം കടത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നോയെന്ന് ഹൈക്കോടതി ചോദിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസക്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ബാലഭാസക്കറിന്റെ സ്വത്ത് പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെതന്നെ ഡി ആര് ഐ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെ തന്നെ അറസ്റ്റ് ചെയ്യുന്നത്.
കസ്റ്റംസ് സൂപ്രണ്ടായ ബി രാധാകൃഷ്ണന് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് വിമാനത്താവളത്തില്കൂടി കൂടുതല്‍സ്വര്‍ണം പുറത്തേക്ക് പോയതെന്ന് ഡി ആര് ഐ കണ്ടെത്തുകയായിരുന്നു.
ഒരു മറയുമില്ലാതെ 25കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിയതെങ്ങനെയെന്നുള്ള അന്വോഷണമാണ് ഉദ്യോഗസ്ഥരിലേക്കെത്തുന്നത്.തുടര്‍ന്ന് ബി രാധാകൃഷ്ണനെ ചേദ്യംചെയ്യുകയും ഫോണ്‍കോളുകള്‍ പരിശോധിക്കുകയും ചെയ്തു. ചോദ്യം ചെയ്തതില്‍ വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയ്യാളെ ഡി ആര് ഐ അറസ്റ്റ് ചെയ്തത്.
Post Your Comments