Latest NewsKerala

രാഹുലിന്റെ വരവ് തിരിച്ചടിയായി ; തോൽവിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ അവലോകന റിപ്പോർട്ടിന്റെ പൂർണരൂപം

തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ചത് തിരിച്ചടിയായെന്ന് സിപിഎം. പാർട്ടിയുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അവലോകന റിപ്പോർട്ട് പാർട്ടി പത്രമായ ദേശാഭിമാനിയിലാണ് പ്രസിദ്ധീകരിച്ചത്. ബിജെപി യുഡിഎഫിന് വോട്ട് മരിച്ചുവെന്നും തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ യുവാക്കളെ ബിജെപി ഒപ്പം കൂട്ടുന്നു

ശബരിമല വിഷയത്തില്‍ ജന വികാരം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടു.. വനിതാമതിലിനുശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയതാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായി.

അവലോകന റിപ്പോർട്ടിലെ ചില ഭാഗങ്ങൾ

സുപ്രീംകോടതി വിധിയെ പിന്താങ്ങുന്ന ആദ്യനിലപാട് കോൺഗ്രസും ബിജെപിയും തിരുത്തി, പാർട്ടിക്കും എൽഡിഎഫ് സർക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന‌് വോട്ട് ചെയ്യാറുള്ളവരിൽ ഒരുവിഭാഗത്തെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു. നമ്മിൽനിന്ന് അകറ്റപ്പെട്ടവർ വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത രീതികളിൽ കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു.

സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോൽവി ഉറപ്പാക്കാൻ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി അതിന്റെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനൂകൂലമായി ചെയ്തു.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ പാർട്ടി മാത്രമാണ് ഉത്തരവാദി എന്ന വിഷലിപ്തമായ പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സിപിഐ എം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടിവന്നതെങ്കിലും പാർട്ടിയെ കരിതേച്ചുകാണിക്കാൻ ചിലസംഭവങ്ങളെ ഉപയോഗിക്കുന്നതിൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികൾക്ക് പാർടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങൾ ഉണ്ടാകില്ല എന്ന് പാർട്ടി ഉറപ്പുവരുത്തണം. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളണം.

തങ്ങളുടെ വോട്ടിൽ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബിജെപി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാപ്രവർത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പാർടിയുടെ വോട്ടിങ് ശേഷിയിൽ ചോർച്ചയുണ്ടായിട്ടുണ്ട്. പാർട്ടിയുടെ അശ്രാന്തപരിശ്രമവും സർക്കാരിന്റെ നല്ല പ്രവർത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോർട്ടിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button