ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാ ഏജന്‍സികളും സംയുക്തമായി, ഏകകണ്ഠമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷണ്‍ റെഡ്ഡി. രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനാണ് കിരണ്‍ റെഡ്ഡി മറുപടി നല്‍കിയിരിക്കുന്നത്.
”എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ലഭിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ കൃത്യമായി അതാത് സമയത്ത് പങ്കുവയ്ക്കുന്നുമുണ്ട്’, കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.ജമ്മു കശ്മീരില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അശാന്തിയുണ്ടാക്കുന്നത് അതിര്‍ത്തി കടന്ന് തീവ്രവാദം വളര്‍ത്തുന്നവരാണെന്നും തീവ്രവാദത്തിനോട് ഒരു തരത്തിലും സന്ധിയുണ്ടാകില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തീവ്രവാദികളെ സുരക്ഷാ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിട്ടുണ്ടെന്നും ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹന വ്യൂഹത്തിന് നേരെ പാക് തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകള്‍ക്കിടെ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായാണ് ഇത് കണക്കാക്കപ്പെട്ടത്.
ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയിരുന്നു. പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പ് ഇന്ത്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു.
Post Your Comments