KeralaLatest News

ജയിലുകളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; പണ്ട് സ്ഥാപിച്ച ജാമറിനെ തടവുകാര്‍ ഉപ്പിലിട്ട സംഭവം ഇങ്ങനെ

കണ്ണൂര്‍ : ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമര്‍ സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂന്നു സെന്‍ട്രല്‍ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമര്‍ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയില്‍ വകുപ്പ് കെല്‍ട്രോണിനു കത്തു നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ തടവുകാര്‍ക്ക് ഉപ്പ് ലഭ്യമാകരുതെന്നാണ് പൂര്‍വകാല ചരിത്രം ഓര്‍മപ്പെടുത്തുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷം മുന്‍പ് സ്ഥാപിച്ച മൊബൈല്‍ ജാമര്‍ തടവുകാര്‍ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമര്‍ പ്രവര്‍ത്തിച്ചത് ആറു മാസം മാത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണു 2007ല്‍ ജാമര്‍ സ്ഥാപിച്ചത്. സ്ഥാപിച്ച ഉടനെ സംവിധാനം നശിപ്പിക്കാനുള്ള എല്ലാശ്രമങ്ങളും തടവുകാരുടെ ഭാഗത്തു നിന്നും ഉണ്ടായി.

ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ വിവിധ ബ്ലോക്കുകള്‍ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാര്‍ ശ്രമിച്ചത്. എന്നാല്‍ കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങി.

ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദദ്ധര്‍ ആരോ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു. തികയില്ലെന്ന് കണ്ടപ്പോള്‍ ജയില്‍ അടുക്കളയില്‍നിന്ന് ഉപ്പ് മോഷ്ടിക്കുകയും ചെയ്തു. അങ്ങനെ ദിവസങ്ങള്‍ എടുത്ത് ഉപ്പ് ശേഖരണം പൂര്‍ത്തിയാക്കി. ഇതിനുശേഷം മണ്ണിനടിയിലെ യന്ത്രഭാഗങ്ങളില്‍ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു.കൂടുതല്‍ സാങ്കേതിക മികവുള്ള ജാമര്‍ സ്ഥാപിച്ചാല്‍ മാത്രമേ തടവുകാരുടെ ഇത്തരം നശീകരണപ്രവര്‍ത്തികളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button