തൃശൂര്‍: കൊച്ചിയില്‍ കല്ലട ബസില്‍ വച്ച് യാത്രക്കാര്‍ മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10ന് ചേരും. യോഗത്തില്‍ ബസുടമ സുരേഷ് കല്ലടയും ഹാജരാകും.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കഴിഞ്ഞ ഏപ്രില്‍ 21നാണ് കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നതോടെ നിരവധി പേര്‍ കല്ലട ബസില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു. ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്.
ജില്ലാ കളക്ടര്‍ ,ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഉള്‍പ്പെടെയുള്ള സമിതി എടുക്കുന്ന തീരുമാനം കോടതിയില്‍ചോദ്യം ചെയ്യുക എളുപ്പമല്ല എന്നതിനാലാണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കാണ് സാധ്യത.
Post Your Comments