
ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാര്‍ണറെയോ കൂവിയാല്‍ അതില്‍ ഇടപെടില്ലെന്ന് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനെ കൂവിയ ഇന്ത്യന്‍ ആരാധകരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തടഞ്ഞിരുന്നു. കോലിയുടെ ഈ നടപടിക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയിടിയും നേടിയിരുന്നു.
എന്നാല്‍, ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരില്‍ നിന്ന് സമ്മിശ്രപ്രതികരണം ഉണ്ടാകുമെന്നറിയാം. അവര്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് നേരത്തെ പറയാനാവില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ ആരോപണത്തിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ലെന്നും അതിന് അതിന്റേതായ സമയം എടുക്കുമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും ലോകകപ്പ് ക്രിക്കറ്റിലൂടെയാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ തിരികെയെത്തിയത്.
Post Your Comments