കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ഇടപെടുന്നു സാഹചര്യത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജനാധിപത്യപരമായ രീതിയിലാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത് അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം, തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാന്‍ ജോസ് കെ മാണി തൊടുപുഴ കോടതിയെ സമീപിച്ചു.
കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി അഡ്വാന്‍സ് പെറ്റീഷന്‍ നല്‍കി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടിയെന്നാണ് ജോസ് കെ മാണി പരാതിയില്‍ പറയുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. പാല ഉപതെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
പ്രകോപനപരമായ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരു നേതാക്കളും വിമര്‍ശനം തുടരുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാന്‍ യുഡിഎഫ് കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ പോലും തര്‍ക്കമാണ്. കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തീരുമാനിക്കണമെന്നാണ് ജോസ് കെ മാണി പറയുന്നത്.
Post Your Comments