ചാലക്കുടി: പോട്ട അലവി സെന്ററില്‍ വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ ചാലക്കുടി ഡിവൈഎസ് പി സി .ആര്‍ .സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടി.
വാടാനപ്പിളളി ബീച്ച് പരിസരത്ത് ഒളിവില്‍ കഴിയവേയാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. വാടാനപ്പിള്ളി കുട്ടന്‍പാറന്‍ വീട്ടില്‍ അനില്‍ (33 വയസ്സ്) ,വാടാനപ്പിള്ളി വ്യാസനഗര്‍ ചെക്കന്‍ വീട്ടില്‍ രജീഷ് (32 വയസ്സ്) , വാടാനപ്പിള്ളി സ്വദേശിയും ഇപ്പോള്‍ നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്നതുമായ പോള്‍ വീട്ടില്‍ വിശാഖ് (30 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത് .ഈ കേസ്സില്‍ ഒരാള്‍ നേരത്തേ പോലീസ് പിടിയിലായിരുന്നു.
ജൂണ്‍ 17ന് ആണ് സംഭവം നടന്നത് .അലവി സെന്റര്‍ പുലരി നഗറിലുള്ള കോമ്പാറക്കാരന്‍ ഔസേപ്പിന്റെ വീടാണ് അനിലിന്റെ നേതൃത്വത്തിലെത്തിയ ക്രിമിനല്‍ സംഘം അടിച്ചു തകര്‍ത്തത് .ഉച്ചക്ക് 1. 45 മണിയോടെ ബൈക്കുകളില്‍ എത്തിയ ഇവര്‍ വീടിനകത്തേക്ക് ഇരച്ചു കയറി ഔസേപ്പിന്റെ മകന്‍ ജാക്‌സനെ അന്വേഷിക്കുകയും തുടര്‍ന്ന് ഔസേപ്പിനെ ഇരുമ്പു പൈപ്പുകൊണ്ടും കൈകള്‍ കൊണ്ടും മര്‍ദ്ദിച്ചവശനാക്കുകയമായിരുന്നു .പിന്നീട് വീട്ടിനുള്ളിലെ ടി .വി ., അലമാര ,പാത്രങ്ങള്‍ ,ഗ്യാസടുപ്പ് ,ജനല്‍ചില്ലുകള്‍ എന്നിവ തച്ചുതകര്‍ത്ത സംഘം വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാറ്റ എയ്‌സ് ,ബുള്ളറ്റ്, കാര്‍ എന്നിവ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു തകര്‍ക്കുകയമായിരുന്നു .അനിലിന്റെ വിദേശത്തുള്ള സഹോദരനും ജാക്‌സനുമായി വിദേശത്ത് വച്ച് നടന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത് .ആക്രമണത്തിനൊടുവില്‍ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി .സി.ടി.വി.യൂണീറ്റുകളും അക്രമി സംഘം എടുത്തു കൊണ്ടു പോകുകയായിരുന്നു .
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ ഈ സംഘത്തെ കണ്ടെത്തുവാന്‍ പോലീസ് നടത്തിയ അന്വേഷണം വീട്ടുടുമസ്ഥന്റെ മകനുമായി വിദേശത്ത് വച്ച് പണമിടപാടുകള്‍ നടത്തിയിട്ടുള്ളവരിലേക്ക് തിരിയുകയും അവരുടെ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും എത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്.പി .കെ .പി .വിജയകുമാരന്‍ ഐ.പി.എസ്സിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡി.വൈ.എസ് .പി . സി ,.ആര്‍ .സന്തോഷ് ., സി .ഐ. ജെ .മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ചാവക്കാട് ,വാടാനപ്പിള്ളി ,ചേറ്റുവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായതും ഇവരെ പിടികൂടുവാന്‍ കഴിഞ്ഞതും . മുന്‍പ് പിടിയിലായ ചാലക്കുടി പരിയാരം സ്വദേശി അജിത് അനിലിന്റെ സഹോദരന്റെ കൂട്ടുകാരനും വിദേശത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്ന ആളാണ് .മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി .വൈ.എസ്.പി അറിയിച്ചു. അന്വേഷണ സംഘത്തിലും അറസ്റ്റ് ചെയ്യുവാനും ചാലക്കുടി എസ് .ഐ .കെ.എസ് .സന്ദീപ് ,എസ് .ഐ . സുധീപ് കുമാര്‍, എ എസ് ഐ കെ .എന്‍.ഉണ്ണികൃഷ്ണന്‍ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത് ,സതീശന്‍ മടപ്പാട്ടില്‍ ,റോയ് പൗലോസ് ,മൂസ്സ പി .എം ,സില്‍ജോ വി .യു., റെജി എ .യു. ,ഷിജോ തോമസ്സ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ പോലീസുകാരായ പ്രമോദ് .വി .ജെ, വിജയകുമാര്‍ സി.,കിരണ്‍ രഘു തച്ചിലേത്ത് , എന്നിവരുമുണ്ടായിരുന്നു .കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments