ന്യൂ ഡല്‍ഹി: പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് അറിയിച്ചു. നിലവില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെക്കുമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. സ്വന്തം മണ്ഡലത്തില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസിനു തലവേദനയാകുന്നത്.
എന്നാൽ ചുമതലകളില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള വ്യക്തികള്‍ക്ക് അദ്ധ്യക്ഷ സ്ഥാനത്തിന് അവസരം നല്‍കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ ആരോപണവുമായെത്തി.
Post Your Comments