ഇടുക്കി: നെടുംകണ്ടത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി രാജ് കുമാറിന്റെ (49) കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. രാജ്‌കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും മർദിച്ചിരുന്നതായി പറയുന്നു.
വഞ്ചന കുറ്റം ചുമത്തി ജൂൺ 12 നാണ് രാജ്‌കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. 7 ദിവസം പോലീസ് കസ്റ്റഡിയിൽ വെച്ച ശേഷം ജൂൺ 20 നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ സമയത്ത് മർദനമേറ്റ് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു രാജ് കുമാർ.
പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ ആണ് മരണ കാരണം. എന്നാൽ തുടയിലെ മാംസം ചതഞ്ഞരഞ്ഞതും, മാംസം എല്ലുമായി വേർപെട്ടിരുന്നതും ഉരുട്ടിക്കൊല എന്ന സംശയം ബലപ്പെടുത്തുന്നു. കാൽ വെള്ളയിൽ ചൂരൽ കൊണ്ട് മർദിച്ച പാടുകളും ഉണ്ട്. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭ്യമാകാൻ 10 മുതൽ 12 ദിവസം വരെ സമയമെടുക്കുമെന്നാണ് വിവരം ലഭിക്കുന്നത്.
വേദന അസഹ്യമായതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ആണ് രാജ്‌കുമാർ മർദന വിവരം തുറന്നു പറയുന്നത്. നെടുംകണ്ടത്ത് ഹരിത എന്ന ധനകാര്യ സ്ഥാപനം നടത്തി വരികയായിരുന്നു രാജ്‌കുമാർ. വായ്‌പ്പ എടുക്കാൻ എത്തിയ സ്വയം സഹായ സംഘങ്ങളെ പറ്റിച്ചു പണം തട്ടിയ കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments