ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ‘ബ്രിട്ടിഷ് ഹെറള്‍ഡ്’ മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മോദിയെ കരുത്തനായ നേതാവായി തിരഞ്ഞെടുത്ത ‘ബ്രിട്ടിഷ് ഹെറള്‍ഡ്’ വെബ്‌സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്റഫ് ആണ്. മോദിയുടെ നേട്ടത്തിന്റെ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ തിരഞ്ഞത്.
2019ലെ ശക്തനായ നേതാവിനെ കണ്ടെത്താന്‍ പ്രമുഖ ബ്രിട്ടിഷ് മാധ്യമം വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്ന് മോദി ഒന്നാമതെത്തുകയായിരുന്നു. മോദിയെ 30.9% പേര്‍ പിന്തുണച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു പിന്തുണ.
ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത ഹെറള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകള്‍ക്ക്. കൊച്ചി ഹെറള്‍ഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാള്‍ഡിന്റെ ഉടമയുമായ ഇന്ത്യന്‍ വ്യവസായി എന്നതാണ് അന്‍സിഫ് അഷ്റഫിന്റെ വിശേഷണം. ഓണ്‍ലൈനിലെ വോട്ടെടുപ്പു പേജ് ഈ മാസം ആദ്യവാരം തന്നെ 25 ലക്ഷം ഹിറ്റ് നേടി. വോട്ടെടുപ്പിനിടെ വായനക്കാരുടെ ബാഹുല്യം നിമിത്തം പലതവണ വെബ്‌സൈറ്റ് തകരാറിലാവുകയും ചെയ്തു.അവസാന റൗണ്ടില്‍ എത്തിയ 25 പേരില്‍നിന്ന് വിദഗ്ധസമിതി 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു. ജൂലൈ 15 ലക്കം ഹെറള്‍ഡ് മാസികയുടെ മുഖചിത്രം നരേന്ദ്ര മോദിയായിരിക്കും.
Post Your Comments