കൊളംബോ: ശ്രീലങ്കയിൽ ഏർപ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഈസ്റ്റർ ദിനത്തിലെ കൂട്ടക്കൊലയെ തുടർന്ന് ആയിരുന്നു അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നത്. ജൂൺ 22 ഓടെ അടിയന്തരാവസ്ഥ പിൻവലിക്കാനാവുമെന്ന് വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഉറപ്പുനൽകിയ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ സൈന്യത്തിനും പൊലീസിനും സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരങ്ങൾ തുടരും.
ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 258 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ 42 പേർ വിദേശികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിൽ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments