അബുദാബി: ഗള്‍ഫ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനക്കമ്പനികളെ വിലക്കി. ഇതോടെ ഗള്‍ഫ് മേഖലയില്‍ വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെയുള്ള ഇറാന്റെ വ്യോമപാതയിലൂടെയുള്ള സര്‍വീസുകള്‍ ഇത്തിഹാദ് എയര്‍വേയ്‌സും പുനഃക്രമീകരിച്ചിട്ടുണ്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുമായും യുഎഇയിലെ മറ്റ് വിമാന കമ്പനികളുമായും ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി പകരം മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഈ തീരുമാനം തുടരുമെന്നും ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. ഇത് മേഖലയിലെ മറ്റ് വ്യോമപാതകളില്‍ തിരക്കേറാന്‍ കാരണമാകുമെന്നതിനാല്‍ അബുദാബിയിലേക്ക് വരുന്നതും അബുദാബിയില്‍ നിന്ന് പോകുന്നതുമായ വിമാനങ്ങള്‍ വൈകാനാണ് സാധ്യത. വ്യോമപാതയിലുണ്ടായ മാറ്റം ചില റൂട്ടുകളില്‍ യാത്രാ സമയം കൂടുന്നതിനും കാരണമാകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനങ്ങളുടെ സമയമാറ്റം വെബ്‌സൈറ്റിലൂടെ അറിയിക്കും.
Post Your Comments