KeralaLatest News

രണ്ടില പിളര്‍ന്നതിനു പിന്നാലെ യുവജന സംഘടനയും; രണ്ടിടങ്ങളിലായി വാര്‍ഷികാഘോഷം നടത്തി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളര്‍ന്നു. പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ് യൂത്ത് ഫ്രണ്ടിന്റെ 49ാം ജന്മദിനം ആഘോഷിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലായത്.

ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജന്‍ തൊടുകയിലിന്റെ നേതൃത്വത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആഘോഷ പരിപാടികള്‍. ജോസ് കെ മാണി വിഭാഗത്തിന്റെ ആഘോഷം കോട്ടയത്തും പി ജെ ജോസഫ് വിഭാഗത്തിന്റെ ആഘോഷം തിരുവനന്തപുരത്തുമാണ് നടക്കുന്നത്.

വിമത വിഭാഗം എന്ത് ചെയ്‌തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്റ് വന്നതെന്നും പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. ഉന്നതാധികാരി സമിതിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് വിട്ടുപോയതെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button