സംഗീതം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്… നല്ലൊരു പാട്ട് കേട്ടാല്‍ ആരായാലും ലയിച്ചിരുന്നു പോകും. അതിന് ഭാഷയൊന്നും ഒരു പ്രശ്‌നമേയല്ല. നമ്മുടെ ഈ പ്രകൃതി മുഴുവന്‍ സംഗീത സാന്ദ്രമാണ്. കാറ്റിന്റെ മര്‍മ്മരം, തീരത്തെ ഇടയ്ക്കിടെ വാരിപ്പുണരുന്ന തിരയുടെ അലയൊലികള്‍, മഴയുടെ സംഗീതം, എന്തിനേറെപ്പറയുന്നു നമ്മുടെ ശ്വാസതാളത്തിലും ഹൃദയമിടിപ്പിലും വരെ ഒരു സംഗീതം ഒളിഞ്ഞിരിക്കുന്നു. മനുഷ്യനുണ്ടായ കാലത്തോളം ഈ ഈണങ്ങളൊക്കെയും നമുക്കൊപ്പമുണ്ട്. ജൂണ്‍ ഇരുപത്തിയൊന്ന് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്. ഓരോ ദിനവുമിങ്ങനെയെത്തുന്നതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഈ ദിനം ആചരിക്കാനുണ്ടായ കാരണത്തെ കുറിച്ച് ലോക സംഗീത ദിനത്തിനും പറയുവാനുണ്ട് ഒരു കഥ.
വേള്‍ഡ് മ്യൂസിക് ഡേ’ യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. ‘സംഗീതത്തിലൂടെ ലോകസമാധാനം’ എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. രാജ്യത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും അതിര്‍വരമ്പുകള്‍ വ്യര്‍ഥമാക്കിയ സമാധാന ശ്രമങ്ങള്‍ക്കു മുന്നില്‍ സംഗീതത്തിനു മാത്രം കാലുഷ്യം ഇല്ല. 1982 ല്‍ ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ജാക്ക് ലാങ് ആണ് സംഗീത ദിനം അഥവാ ”ഫെടെ ഡി ലാ മ്യൂസിക്”എന്ന ആശയത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും ജൂണ്‍ 21ന് ഇത് മുടങ്ങാതെ ആഘോഷിച്ചു പോന്നു. തുടര്‍ന്ന് പല രാജ്യങ്ങളും ഇത് ഏറ്റെടുത്തു. ഇന്ന് ലോകമെമ്പാടും 121ല്‍ അധികം രാജ്യങ്ങള്‍ മ്യൂസിക് ഡേ ആഘോഷിക്കുന്നു.
സാധാരണ സംഗീത ഉത്സവങ്ങളില്‍ നിന്നും വ്യത്യാസമായി എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഒരു ഉത്സവമായാണ് ഇത് ആഘോഷിക്കുന്നത്. അമച്ചര്‍ മുതല്‍ പ്രൊഫ്ഫെഷണല്‍ സംഗീതകര്‍ക്കു വരെ ഇതില്‍ പങ്കെടുക്കാം. പ്രായ വ്യത്യാസങ്ങളും ഇല്ല. സംഗീത ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നതാകട്ടെ തികച്ചും സൗജന്യമായും.
മ്യുസിയം, പാര്‍ക്ക്, റെയില്‍വേ സ്റ്റേഷനുകള്‍ അങ്ങനെ പല പബ്ലിക് സ്ഥലങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചാണ് ഈ ദിവസം ലോകമെമ്പാടും ആഘോഷിക്കുന്നത്. ഇന്ത്യ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, ലക്‌സംബര്‍ഗ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റ റിക, ചൈന, ലെബനന്‍, അങ്ങനെ പല രാജ്യങ്ങളിലും ലോക മ്യൂസിക് ഡേ ആഘോഷിച്ചു വരുന്നു.
ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.
ഒരു കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്‌നമാകുന്നത്, ഒരു കോടീപ്രാവശ്യം ധ്യാനിക്കുന്നതിനു തുല്യമാണ് ലയിക്കുന്നത്. ഒരു കോടി പ്രാവശ്യം ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കില്‍ ഗാനത്തില്‍ മുഴുകി ഇരിക്കുന്നത്) അതിനാല്‍ ഗാനത്തെക്കാള്‍ ശ്രേഷ്ടമായി മറ്റൊന്നുമില്ല . സംഗീതത്തിന്റെ മഹത്വത്തെ കുറിച്ച് പ്രകീര്‍ത്തിക്കുന്ന ഈ വരികളിലൂടെ നമുക്ക് മനസ്സിലാക്കാം സംഗീതത്തിനപ്പുറം മറ്റൊന്നുമില്ല എന്ന സത്യം . ദേശ ഭാഷ ജാതി മത വര്‍ണ്ണ ലിംഗ ഭേദമെന്യേ സംഗീതം ഏവരുടെയും മനസ്സില്‍ ആനന്ദം നിറക്കുന്നു. അതെ, ഇനി ഓരോ മ്യൂസിക് ഡേയും അതിന്റെ അര്‍ത്ഥമറിഞ്ഞ് നമുക്ക് ആഘോഷിക്കാം… സംഗീത സാന്ദ്രമാകട്ടെ ജീവിതം.
Post Your Comments