മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചു നീക്കി തുടങ്ങി. ഏറനാട് തഹസില്‍ദാര്‍ പി ശുഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൊളിക്കുന്നത്. തടയണ പൂര്‍ണമായും പൊളിച്ചുനീക്കിയെങ്കിലും പ്രദേശത്തെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ച്ചയെടുക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
തടയണ പൊളിക്കുമ്പോള്‍ സമീപത്തെ കരിമ്പ് ആദിവാസി കോളനിയില്‍ വെള്ളം കയറാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
മുന്‍പ് തടയണ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം കോടതി കണക്കിലെടുത്തിരുന്നു. മുന്‍ ഉത്തരവുകള്‍ നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് തടയണ പൊളിച്ചുനീക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെ തടയണ പൂര്‍ണമായും പൊളിച്ചുനീക്കാനാണു ശ്രമിക്കുന്നത്.
Post Your Comments