കോട്ടയം: പരസ്യങ്ങളും പോസ്റ്റ്മാന് ഇനി വീട്ടിലെത്തിക്കും. നിശ്ചിത തുക നല്കിയാല് സ്ഥാപനങ്ങളുടെ പരസ്യങ്ങളും അറിയിപ്പുകളും തപാല്‍ ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചുനല്കുന്നതാണ് പദ്ധതി. പുതുവരുമാന വഴികള്‍ കണ്ടെത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. അറിയിപ്പുകളോ പരസ്യ നോട്ടീസുകളോ കവറിലിട്ട് തപാല്‍ വകുപ്പ് ജീവനക്കാരെ ഏല്പിച്ചാല് ഇവര്‍ ഇത് ഉടമസ്ഥര്‍ നിര്‍ദേശിക്കുന്നവരുടെ അടുത്തെത്തിക്കും. അതേസമയം മറ്റ് കത്തുകള്‍ക്കെല്ലാം വിലാസം ഉണ്ടെങ്കില്‍ ഇതിന് വിലാസമുണ്ടാകില്ല. എല്ലാ വീടുകളിലും എത്തി നല്‍കുകയാണ് ചെയ്യുന്നത്.
ചെറിയ തുക മാത്രം നൽകിയാൽ മതിയാകും. എന്നാൽ ഒരു ജില്ലയില്‍നിന്ന് മറ്റൊരിടത്തേക്കാണ് നല്കുന്നതെങ്കില് കൂടുതല്‍ തുക നൽകേണ്ടിവരും. സേവനം ആവശ്യമുള്ളവര്‍ മാര്‍ക്കറ്റിങ് വിഭാഗവുമായാണ് ബന്ധപ്പെടേണ്ടത്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തപാല്‍ ഓഫിസില്‍ ബന്ധപ്പെട്ടാല്‍ അതത് ജില്ലകളിലെ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവുകളുടെ നമ്ബര്‍ ലഭിക്കും. ഇവരുടെ നിര്‍ദേശമനുസരിച്ച് സ്ഥാപനത്തിനുസമീപത്തെ പോസ്റ്റ് ഓഫിസില്‍ കവറുകള്‍ നല്കിയാല് മതിയാകും.
Post Your Comments