KeralaLatest NewsIndia

28 വര്‍ഷമായി അടിമവേല ചെയ്യുകയായിരുന്ന ആദിവാസി യുവതി ശിവയ്ക്ക് ഒടുവിൽ നീതി: കളക്ടറുടെ ഉത്തരവ് ഇങ്ങനെ

ശിവയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോ, ജോലിക്കുള്ള പ്രതിഫലം കൃത്യമായി നല്‍കുന്നതിനോ വീട്ടുടമസ്ഥന്‍ ശ്രമിച്ചില്ല

കോഴിക്കോട്: കഴിഞ്ഞ 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ച്‌ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.പന്നിയങ്കര സ്വദേശി പി കെ ഗിരീഷിന്റെ വീട്ടിലാണ് കഴിഞ്ഞ 28 വര്‍ഷമായി ആദിവാസി യുവതി കൂലിയില്ലാതെയും യാതൊരാവകാശങ്ങളില്ലാതെയും കഠിന ജോലികൾ ചെയ്തു കഴിഞ്ഞിരുന്നത്. പത്തു വയസ്സു മുതല്‍ ആദിവാസി യുവതി, ഗിരീഷ് എന്ന വ്യക്തിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണെന്നു കളക്ടറുടെ നേരിട്ടുള്ള അന്വേഷണത്തിൽ മനസ്സിലായിരുന്നു.

ശിവയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോ, ജോലിക്കുള്ള പ്രതിഫലം കൃത്യമായി നല്‍കുന്നതിനോ വീട്ടുടമസ്ഥന്‍ ശ്രമിച്ചില്ലെന്നും ശിവയുടെ ആധാര്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു എന്നും പരിശോധനയില്‍ നിന്നും മനസ്സിലായതായി കലക്ടറുടെ ഉത്തരവില്‍ പറയുന്നു.20 വര്‍ഷം മുമ്പ് അമ്മ മരിക്കുന്നതുവരെ 300-400 രൂപ പ്രതിഫലമായി അമ്മയ്ക്ക് നല്‍കിയിരുന്നതായി ശിവ മൊഴിനല്‍കി. എന്നാല്‍ അമ്മയുടെ മരണം വളരെ ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവയെ ഉടമസ്ഥന്‍ അറിയിച്ചത്.

പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സഹായംപോലും വീട്ടുടമസ്ഥന്‍ നല്‍കിയിട്ടില്ല.ശിവയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത വീട്ടുടമസ്ഥന്റെ അടിമ വേലയില്‍നിന്ന് ശിവയെ മോചിപ്പിച്ചതായി ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം തന്നെ വീട്ടുടമസ്ഥന് വീട്ടില്‍ നിന്ന് ശിവയെ പുറത്താക്കാന്‍ കഴിയില്ല. ഇത്രയും കാലം ജീവിച്ച പികെ ഗിരീഷിനെ വീട്ടില്‍ താമസിക്കാന്‍ ശിവയ്ക്ക് തുടര്‍ന്നും അവകാശമുണ്ടായിരിക്കും. ശിവയ്ക്ക് ഇതുവരെ നല്‍കാനുള്ള തുക പലിശ സഹിതം നിശ്ചയിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ (എന്‍ഫോഴ്‌സ്‌മെന്റ്) ചുമതലപ്പെടുത്തി.

ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍, കോഴിക്കോട് തഹസില്‍ദാര്‍ തുടങ്ങിയവര്‍ ശിവയ്ക്ക് ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കാനുള്ള നടപടികള്‍ സുഗമമാക്കും. ശിവയ്ക്കു മതിയായ പ്രതിഫലം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും ഇതുവരെ നല്‍കാനുള്ള തുക 15 ദിവസത്തിനുള്ളിൽ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button